English| മലയാളം

ആമുഖം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലാണ് മഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. മഞ്ചേരി, നറുകര, പയ്യനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ചേരി നഗരസഭയ്ക്ക് 53.06 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പുല്‍പ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണ്ടിക്കാട് പഞ്ചായത്തും, തെക്കുഭാഗത്ത് ആനക്കയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുല്‍പ്പറ്റ, പൂക്കോട്ടൂര്‍ പഞ്ചായത്തുകളുമാണ് മഞ്ചേരി നഗരസഭയുടെ അതിരുകള്‍ . ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളും ചരിവുകളും സമതലങ്ങളും വയലുകളും ഉള്‍പ്പെട്ടതാണ് മഞ്ചേരി നഗരസഭാപ്രദേശം. എറാള്‍നാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളില്‍പ്പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. നഗരപ്രദേശത്തെ മുഖ്യകൃഷി നെല്ല്, തെങ്ങ്, റബര്‍ , കവുങ്ങ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , വാഴ, പച്ചക്കറി, കുരുമുളക്, കശുവണ്ടി എന്നിവയാണ്. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തോടെയാണ് ഇവിടുത്തെ പ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി വര്‍ദ്ധിച്ച തോതില്‍ ആരംഭിച്ചത്. 1978 ഏപ്രില്‍ 1-ന് നിലവില്‍ വന്ന മഞ്ചേരി നഗരസഭയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത് 1982 സെപ്റ്റംബറിലായിരുന്നു. 28 വാര്‍ഡുകളാണ് അന്നുണ്ടായിരുന്നത്. എം.പി.എം.ഇസ്ഹാഖ് കുരിക്കളായിരുന്നു ആദ്യത്തെ നഗരസഭാ ചെയര്‍മാന്‍ .

 

പൊതുവിവരങ്ങള്‍

ജില്ല                                : മലപ്പുറം 
വിസ്തീര്‍ണ്ണം                      : 53.06 ച.കി.മി
കോഡ്                              : M100300 
വാര്‍ഡുകളുടെ എണ്ണം           : 50  
ജനസംഖ്യ                           : 53650
പുരുഷന്മാര്‍‍                      : 25903
സ്ത്രീകള്‍‍                           : 27747
ജനസാന്ദ്രത                          : 1307
സ്ത്രീ : പുരുഷ അനുപാതം    : 1011
മൊത്തം സാക്ഷരത                : 92.42
സാക്ഷരത(പുരുഷന്മാര്‍ )       : 95.11
സാക്ഷരത (സ്ത്രീകള്‍ )           : 89.72
Source : Census data 2001